ലക്ഷദ്വീപ് പ്രശ്നം കേവലം ബിജെപിയും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടൽ അല്ല. ഭരണഘടനയുടെ അന്തസ്സത്ത ഉയർത്തിപ്പിടിക്കേണ്ട വിഷയമാണ് ;ജോൺ ബ്രിട്ടാസ് എം പി.
ലക്ഷദ്വീപ് പ്രശ്നം കേവലം ബിജെപിയും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടൽ അല്ല. ഭരണഘടനയുടെ അന്തസ്സത്ത ഉയർത്തിപ്പിടിക്കേണ്ട വിഷയമാണ് എന്ന് ജോൺ ജോൺ ബ്രിട്ടാസ് എം പി.ലക്ഷദ്വീപിന്റെ സാമ്പത്തികവും സാംസ്കാരികവുമായ തനിമ തകർക്കുന്ന നിലപാടുകളാണ് അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇതാണ് പ്രതിഷേധത്തിന്റെ യഥാർത്ഥ അടിത്തറ എന്നും ജോൺ ബ്രിട്ടാസ്.

1956-ലെ ഏഴാം ഭരണഘടന ഭേദഗതി പ്രകാരമാണ് കേന്ദ്രഭരണപ്രദേശങ്ങൾ നിലവിൽ വന്നത്. ഒരു പ്രദേശത്തിന്റെ സാമ്പത്തികവും സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ തനിമയും വ്യത്യസ്തതയും നിലനിർത്താനും പരിപാലിക്കാനും ലക്ഷ്യം വെച്ചുകൊണ്ടാണ് കേന്ദ്രഭരണപ്രദേശം നമ്മുടെ ഭരണഘടന വിഭാവനം ചെയ്തത്. ഇന്ന് ലക്ഷദ്വീപിന്റെ സാമ്പത്തികവും സാംസ്കാരികവുമായ തനിമ തകർക്കുന്ന നിലപാടുകളാണ് അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

ലക്ഷദ്വീപുകാരുടെ പ്രധാന ഭക്ഷണമാണ് ബീഫ്.സ്കൂളുകളിലടക്കം ഉച്ചക്ക് ബീഫുണ്ടായിരുന്നു.ഗോവധ നിരോധനം കൊണ്ട് വന്നു.സ്കൂളിലെ ഉച്ചഭക്ഷണ മെനുവിൽ നിന്ന് ബീഫ് ഒഴിവാക്കി.ഡയറി ഫാമുകൾ അടച്ചു പൂട്ടാൻ ഉത്തരവായി.തീരദേശ സംരക്ഷണ നിയമത്തിൻറെ മറവിൽ മൽസ്യ ജീവനക്കാരുടെ ഷെഡുകൾ എല്ലാം പൊളിച്ചുമാറ്റി.അതായത് ലക്ഷദ്വീപുകാരുടെ ഭക്ഷണ സ്വാതന്ത്യത്തിൽ വരെ ഭരണകൂട കൈകടത്തൽ നടത്തി.

ഇന്ത്യയിൽ തന്നെ ഏറ്റവും കുറവ് ക്രൈം റേറ്റുള്ള നാടാണ് ലക്ഷദ്വീപ്.ഒരൊറ്റ കുറ്റവാളി പോലുമില്ലാത്ത, ജയിലുകളും പോലീസ് സ്റ്റേഷനും എല്ലാം ഒഴിഞ്ഞുകിടക്കുന്ന മാതൃകാ പ്രദേശമായ ലക്ഷദ്വീപിൽ അനാവശ്യമായി ഗുണ്ടാ ആക്ട് നടപ്പിലാക്കി.അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കി സമാധാനത്തോടെ കഴിയുന്ന ഒരു നാടിനെ എങ്ങനെ രക്ത കലുഷിതമാക്കാമെന്ന് കാണിച്ചു തരികയാണ് ലക്ഷദ്വീപിലൂടെ.

ഇന്ന് ലക്ഷദ്വീപ് ആണെങ്കിൽ നാളെ ഇത് മറ്റിടങ്ങളിലേക്ക് വ്യാപിക്കാം. അനുവദിക്കരുത്
ശബ്ദിക്കുക..