ഇന്ന് നായനാരുടെ ഓർമ്മദിനമാണ്. അദ്ദേഹവുമായി ബന്ധപ്പെട്ട് ഒരുപാട് സ്മരണകൾ എനിക്കുണ്ട്. എൺപതുകളുടെ അന്ത്യത്തിൽ, അതും ചെറിയ പ്രായത്തിൽ ഡൽഹിയിൽ കാലുകുത്തിയതിന്റെ പിറ്റേന്ന് യാത്ര പോയത് അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാർക്കൊപ്പമാണ്. അതും ഖലിസ്ഥാൻ ഭീകരതയിൽ ഉരുകിക്കൊണ്ടിരുന്ന പഞ്ചാബിലേയ്ക്ക്. അന്ന് മുതൽ നായനാർ കാലയവനികക്കുള്ളിൽ മറയുന്നതുവരെ അദ്ദേഹവുമായി ഊഷ്മളമായ ബന്ധം നിലനിർത്താൻ കഴിഞ്ഞിരുന്നു. വാൽസല്യത്തോടെയല്ലാതെ അദ്ദേഹം സംസാരിച്ചിട്ടില്ല. ദേശാഭിമാനിയുടെ പത്രാധിപർ എന്ന പദവിയിൽ പലപ്പോഴും അദ്ദേഹം ഇരുന്നിട്ടുള്ളതുകൊണ്ട് അതിന്റെ പ്രത്യേകതകളൊക്കെ പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്.

എന്നെ ഇഷ്ടപ്പെടാനുള്ള കാരണം എന്താണെന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. അസാധാരണമായ എന്റെ പേരാണ് അദ്ദേഹത്തിന് ആദ്യം പഥ്യമായി തോന്നിയത്. ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ ആ പേര് പത്തുപന്ത്രണ്ട് തവണയെങ്കിലും പറഞ്ഞ് അദ്ദേഹം സ്വയം ആസ്വദിച്ചു. വീട് കണ്ണൂരാണ് എന്ന് പറഞ്ഞതോടുകൂടി വാൽസല്യം വർദ്ധിച്ചു. ചെറുപ്പത്തിന്റെ പ്രസരിപ്പൊക്കെ നായനാർക്ക് പൊതുവെ ഇഷ്ടമുള്ള കാര്യമാണ്. കൂടെയിരുന്ന് പൊളിറ്റിക്സ് സംസാരിക്കണം. സംസാരം എന്ന് പറഞ്ഞാൽ അദ്ദേഹത്തിന്റെ അപഗ്രഥനങ്ങളും നിഗമനങ്ങളും പ്രവചനങ്ങളും തലകുലുക്കി സ്വീകരിക്കുക എന്നതാണ്.

കേരളത്തിൽനിന്ന് ഡൽഹിയിൽ എത്തിയാൽ ആദ്യം മൂപ്പർ വിളിക്കുക ഡൽഹി ബ്യൂറോയിലേക്ക് ആയിരിക്കും. അന്നൊക്കെ ബ്യൂറോയിൽ ഉണ്ടുറങ്ങിക്കിടന്നിരുന്ന എന്റെ ഉത്തരവാദിത്വമാണ് നായനാരുടെ ഫോൺ അറ്റൻഡ് ചെയ്യുക എന്നത്. മൊബൈൽ ഫോൺ ഇല്ലെന്ന് മാത്രമല്ല ലാൻഡ് ഫോണുകൾ തന്നെ വളരെ വിരളമായ കാലഘട്ടമായിരുന്നല്ലോ അത്. എയർപോർട്ടിൽ വിമാനം ഇറങ്ങി കേരളഹൗസ് എത്തുമ്പോൾ പലപ്പോഴും രാത്രി ആയിരിക്കും. സമയമൊന്നും മൂപ്പർക്ക് പ്രശ്നമല്ല. ഫോണെടുക്കാൻ വൈകിയാൽ അസ്വസ്ഥനാകും. ഒരു റിംഗ് പൂർണമായാലും എടുക്കുന്നതുവരെ വിളിച്ചുകൊണ്ടിരിക്കും. ഫോൺ എടുത്താൽ ഉടൻ “നീ ഏടേയാടോ” എന്നായിരിക്കും ചോദിക്കുന്നത്. ‘അപ്പുറത്ത് ഉണ്ടായിരുന്നു’, ‘പുറത്ത് ഭക്ഷണം കഴിക്കാൻ പോയിരുന്നു’ എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. പിന്നെ സ്വതസിദ്ധമായ ചില പ്രയോഗങ്ങൾ കേൾക്കണം. “അനക്ക് അറിയാം നീ തപ്പാൻ പോയതാണെന്ന്” ഇങ്ങനെ പലതും നായനാർ പറയും. ഇത് അംഗീകരിച്ചു കൊടുക്കലാണ് രക്ഷപ്പെടാനുള്ള ഏറ്റവും നല്ല മാർഗ്ഗം. അപ്പോൾ പിന്നെ “ഹ…. ഹ….അങ്ങനെ വരട്ടെ” എന്ന് ചിരിച്ച് കൊണ്ട് പറഞ്ഞ് കാര്യങ്ങളിലേയ്ക്ക് കടക്കും. കൂടുതൽ കാര്യങ്ങൾ ഒന്നും ഇല്ല. ആ നിമിഷത്തെ നാഷണൽ പൊളിറ്റിക്സ് എന്താണെന്ന് അറിയണം. അന്നത്തെ ദേശീയരാഷ്ട്രീയത്തിലെ ആ ദിവസത്തെ പ്രധാനപ്പെട്ട സംഭവവികാസങ്ങളൊക്കെ പറയുമ്പോൾ മൂപ്പരുടെ വക ചില കൂട്ടിച്ചേർക്കലുകളും വരും. അതിൽ പിശകുണ്ടെന്നെങ്ങാനും പറഞ്ഞു പോയാൽ ഇഷ്ടപ്പെടില്ല. “അനക്ക് പൊളിറ്റിക്സ് അറിയോ ടോ” പിന്നെ മൂപ്പർ പറയുന്നതൊക്കെ തലകുലുക്കി കേൾക്കലാണ് ഉത്തമം. പിറ്റേന്ന് പത്രക്കാരെ കാണുന്ന കാര്യം ഉൾപ്പെടെ പറഞ്ഞു സംസാരം അവസാനിപ്പിക്കും.

നായനാരുടെ പത്രസമ്മേളനങ്ങളുടെ സ്വഭാവം പ്രസിദ്ധമാണ്. ബുദ്ധിമുട്ടുള്ള ചോദ്യങ്ങളൊക്കെ തമാശ കൊണ്ട് തടുക്കും. അതിരുകടക്കുന്നു എന്ന് തോന്നിയാൽ പത്രക്കാരെ ഇരുത്താൻ നായനാർ കഴിഞ്ഞിട്ടേ വേറെ നേതാക്കളുള്ളൂ. “അന്റെ കടലാസ് ഏതാ ടോ” എന്ന് ചോദിക്കുമ്പോൾ ചില ചോദ്യങ്ങൾ അപ്പോഴേ ആവിയാകും. പത്രത്തിന്റെ പേര് പറഞ്ഞു കഴിഞ്ഞാൽ” ഹ.. അങ്ങനെ വരട്ടെ. നീ അത് ചോദിച്ചില്ലെങ്കിലല്ലേ അത്ഭുതം” എന്നാവും പ്രതികരണം. കൂട്ടച്ചിരി ഉയരുന്നതിനിടയിൽ പലപ്പോഴും ചോദ്യം ചോദിച്ച പത്രക്കാരനിൽ “വേണ്ടായിരുന്നു” എന്ന വികാരം ആയിരിക്കും ജനിക്കുക. ഡൽഹിയിലും ഉത്തരേന്ത്യയിലുമൊക്കെ നടത്തുന്ന പത്രസമ്മേളനങ്ങളിൽ മറ്റൊരു നമ്പർ കൂടി നായനാർ എടുത്തു ഉപയോഗിക്കും. ചോദിക്കുന്നവന്റെ പത്രത്തിന്റെ സർക്കുലേഷൻ പുള്ളിക്ക് അറിയണം. അക്കാലത്ത് രണ്ടോമൂന്നോ ഇംഗ്ലീഷ് പത്രങ്ങളും ഒന്നോ രണ്ടോ ഹിന്ദി പത്രങ്ങളും കഴിഞ്ഞാൽ ഉത്തരേന്ത്യയിലെ മറ്റു പത്രങ്ങളൊന്നും കാര്യമായ സർക്കുലേഷൻ ഉണ്ടായിരുന്നില്ല. അവിടെയാണ് നായനാരുടെ പിടിവള്ളി. “I am Chief Editor, Deshabhimani. Daily two lakkhs. Not weekly. You know that” – ഇത് കേൾക്കാൻ ഉത്തരേന്ത്യയിലെ പത്രക്കാർ എന്നും വിധിക്കപ്പെടിരുന്നു.

രാഷ്ട്രീയനേതാക്കളുടെ മരണത്തെ പലപ്പോഴും നമ്മൾ യാന്ത്രികമായിട്ടാണ് കാണുന്നത്. സ്റ്റീരിയോ ടൈപ്പ് വാക്കുകളും വാചകങ്ങളും നമ്മൾ കരുതി വയ്ക്കും. നമ്മളനുഭവിക്കാത്ത ജീവിതങ്ങൾ പലപ്പോഴും നമുക്ക് കെട്ടുകഥകളാണ്. നായനാർ അത്തരം ഒരു സ്വാധീനം അല്ല എന്നിൽ ചെല്ലുത്തിയിരുന്നത്. അദ്ദേഹത്തെപ്പോലെ തലയെടുപ്പുള്ള ഒരു രാഷ്ട്രീയ നേതാവ് എന്നെപ്പോലുള്ള പയ്യനെ ഗൗനിക്കേണ്ട കാര്യമേ ഉണ്ടായിരുന്നില്ല. തൊട്ടടുത്ത കസേരയിൽ ഇരുന്ന് സമശീർഷരെ പോലെ ആശയം വിനിമയം നടത്തേണ്ട കാര്യവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. പല വൈതരണികളെയും അഭിമുഖീകരിക്കാനും മുന്നോട്ടു കുതിക്കാനുമുള്ള അനിർവചനീയമായ ഊർജ്ജസ്രോതസ്സുകളായിരുന്നു ഇത്തരം പരിഗണനകൾ. ചില തണൽമരങ്ങൾ ഇല്ലായിരുന്നെങ്കിൽ നമ്മളൊക്കെ എന്നേ വാടിപ്പോയേനെ.