ചാച്ചനെ കുറിച്ചുള്ള ഓർമപൊട്ടുകൾ മനസ്സിൽ മായാതെ കിടക്കുന്നു:ഓർമവെച്ചു തുടങ്ങിയ നാളുകളിൽ…. തന്റെ ചെറുപ്രായത്തിൽ, നഷ്ടപ്പെട്ടുപോയ അച്ഛനെ കുറിച്ച് ജോൺ ബ്രിട്ടാസ് എം പി എഴുതുന്നു.
ഓർമ്മവെച്ച് തുടങ്ങിയ നാളുകളിലാണ് എനിക്കെന്റെ പിതാവിനെ നഷ്ടപ്പെട്ടത്. ചാച്ചൻ എന്നായിരുന്നു ഞങ്ങൾ വിളിച്ചിരുന്നത്. രണ്ടിലോ മൂന്നിലോ പഠിക്കുന്ന സമയം. മരണത്തിന്റെ അനശ്വര ചാരുതയെക്കുറിച്ചൊന്നും ചിന്തിക്കാനുള്ള സാഹിത്യസംസർഗം അന്നില്ല. പക്ഷേ, ബുദ്ധിയുറയ്ക്കാത്ത ആ പ്രായത്തിൽ വല്ലാത്തൊരു ധൈര്യം അന്നെന്നിക്കുണ്ടായിരുന്നു. മരണത്തിന്റെയും അനന്തര രംഗങ്ങളുടെയും ഓർമ്മപ്പൊട്ടുകൾ മനസ്സിൽ ഇന്നും മായാതെ കിടക്കുന്നു. 
ആലിലക്കുഴി പൈലി (പാപ്പച്ചൻ)-അച്ഛന്റെ പഴയകാല ചിത്രം

സൈറൻ വിളിച്ചെത്തിയ ആംബുലൻസിലായിരുന്നു ചാച്ചന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. വൈദ്യുതി പോലും ഇല്ലാത്ത ഒരു കുഗ്രാമത്തിൽ ആദ്യമായിട്ടായിരിക്കും ഒരു ആംബുലൻസ് കടന്നു വരുന്നത്. അതിന്റെ കൗതുകത്തിലായിരുന്നു ഞാനും എന്റെ കൂടെയുള്ള പിള്ളേരും. സ്കൂളിലെ രക്ഷാകർത്തസമിതിയുടെ ചെയർമാൻ ആയതുകൊണ്ട് പള്ളിക്കൂടത്തിന് അവധിയായിരുന്നു. കൂടെ പഠിക്കുന്ന പിള്ളേർ അതുകൊണ്ട് തന്നെ എന്നോടൊപ്പം ചേർന്നു. ചാച്ചന്റെ നിശ്ചലമായ ശരീരത്തിനുമേൽ ഒന്നു രണ്ട് തവണ കണ്ണ് പായിച്ചിട്ടുണ്ടാകാം. പക്ഷേ, ആ മരണം സൃഷ്ടിച്ച ശൂന്യതയുടെ അഗാധഗർത്തത്തെക്കുറിച്ച് ചിന്തിക്കാനുള്ള വിവരമോ ബുദ്ധിയോ എനിക്കന്നുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ കൂട്ടുകാർക്കൊപ്പം എന്റെ ശ്രദ്ധ മുഴുവൻ ആംബുലൻസിലായിരുന്നു.  വണ്ടിയുടെ ചുവന്ന ലൈറ്റും മറ്റ് സജ്ജീകരണങ്ങളൊക്കെ ഞങ്ങളെ വല്ലാതെ ആകർഷിച്ചു. അലാറം മുഴക്കുകയെന്നത് അന്ന് ഞങ്ങൾക്ക് ചെറിയൊരു കാര്യമായിരുന്നില്ല. കൂടാതെ മിന്നി കറങ്ങുന്ന ചുവന്ന വിളക്കും. അമ്മയും സഹോദരങ്ങളും വാവിട്ടു കരഞ്ഞു. അകാലത്തിലുള്ള ചാച്ചന്റെ വേർപാട് സൃഷ്ടിക്കുന്ന ദുരന്തത്തെക്കുറിച്ച് അവർക്കൊക്കെ ബോദ്ധ്യമുണ്ടായിരിക്കണം. ഞാനും പിച്ചവെയ്ക്കുന്ന എന്റെ അനിയനും മാത്രം ആ അലമുറകളെ നിസ്സംഗമായി നോക്കി കണ്ടു. ഒരിറ്റു കണ്ണീർ പോലും ഞാൻ പൊഴിച്ചില്ല. ചാച്ചന്റെ മരണം പള്ളിക്കൂടത്തിന് നൽക്കിയ അവധിയിൽ ഞാൻ അഭിമാനിക്കുകയും ചെയ്തു. പിറ്റേന്ന് സ്കൂളിൽ വരുന്നുണ്ടോ എന്ന് കൂട്ടുകാർ ചോദിച്ചപ്പോൾ അതേക്കുറിച്ച് എനിക്ക്  അറിയപ്പോലുമുണ്ടായിരുന്നില്ല. അടുത്തൊരു കുടുംബാംഗത്തോട് ഞാൻ അത് ചോദിച്ചപ്പോൾ അവരെന്നെ ക്രുദ്ധമായി നോക്കി. പോയി ചാച്ചന്റെ അരികിൽ ഇരിക്ക് എന്നു പറഞ്ഞു ഓടിച്ചു. എന്നാൽ അവിടുത്തെ നിലവിളിയിലും ഏങ്ങലടിയിലും എന്റെ മനസ്സ് പതിഞ്ഞില്ല. തിരിക്കെ പോകാൻ സ്റ്റാർട്ടായ ആംബുലൻസിന്റെ പിന്നാലെ ഓടാൻ കൂട്ടുകാർക്കൊപ്പം ഞാനും ഇറങ്ങിയോടി. വലിയൊരു ജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് ചാച്ചന്റെ മരണാനന്തര കർമ്മങ്ങൾ നടന്നത്. പള്ളിമണികളുടെ അലർച്ചയും ഇമ്പമാർന്ന ഒപ്പീസും കുത്തനെയുള്ള സെമിത്തേരി പാതയും മൃതദേഹത്തിനുമേലുള്ള ചമയങ്ങളുമൊക്കെയായിരുന്നു എന്നെ ആകർഷിച്ചത്. ആരുടേയോ നിർബന്ധം മൂലമായിരിക്കണം ഞാനും മണ്ണിലേക്കെടുക്കുന്നതിന് മുമ്പ് ചാച്ചന്റെ മുഖത്ത് ചുംബിച്ചു. പിന്നീട് ഏതോ അടുത്ത ബന്ധു എന്റെ കൈപിടിച്ച് സെമിത്തേരിയിൽ നിന്ന് കുത്തനെയുള്ള പാതയിലൂടെ തിരികെ വീട്ടിലേക്ക് നടത്തിച്ചു. എന്റെയും കുടുംബത്തിന്റെയും ജീവിതത്തിലെ വലിയൊരു വഴിത്തിരിവാണ് കൈയ്യാലകൾ ഇറങ്ങിയുള്ള കുത്തനെയുള്ള നടത്തം എന്ന് തിരിച്ചറിയാനുള്ള ബുദ്ധി എനിക്കുണ്ടായിരുന്നില്ല.
ശാസ്ത്രം വികസിച്ചപ്പോൾ മരണത്തിന് നേർരേഖയാണ് കൽപ്പിക്കപ്പെട്ടത്. ജീവന്റെ തുടിപ്പ് അസ്തമിക്കുമ്പോഴാണല്ലോ ഇ സി ജിയിൽ നേർവര കാണുന്നത്! പറക്കമുറ്റാത്ത ഏഴ് കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ച് ശൂന്യതയുടെ മഹാസമുദ്രത്തിലേക്ക് കണ്ണുംനട്ടിരിക്കുന്ന ഒരു സാധുസ്ത്രീയ്ക്ക് സ്വന്തം തുണയുടെ മരണം കുരുക്കഴിക്കാനാകാത്ത കടുംകെട്ടുകളാണ് സമ്മാനിക്കുന്നത്.
ഹ്രസ്വചിത്ര-അനിമേഷൻ സംവിധായകനായ ചെറുമകൻ അരുൺ പോളിനൊപ്പം അമ്മ അന്നമ്മ
എന്റെ ചാച്ചൻ എന്നോട് മധുരമായി പ്രതികാരം വീട്ടി. ബുദ്ധിയുടേയും ചിന്തയുടേയും നേർത്ത പാളികൾ രൂപം കൊണ്ട് തുടങ്ങിയപ്പോൾ മുതൽ മൂപ്പർ പ്രത്യക്ഷപ്പെട്ടു തുടങ്ങി. രാത്രിയുടെ അന്ത്യയാമങ്ങളിൽ ടെർലിൻ ഷർട്ടിന്റെ വിയർപ്പും സിഗരറ്റിന്റെ മണവും എന്റെ മൂക്കിലേക്ക് ഇരച്ചു കയറി. കട്ടിഫ്രെയിമുള്ള കണ്ണടയാണ് ആദ്യം തെളിഞ്ഞുവരുന്നത്. ജീവിച്ചിരിക്കുമ്പോൾ വളരെ അപൂർവ്വമായി കണ്ടിരുന്ന പുഞ്ചിരി നിറഞ്ഞ ചിരിയായിട്ടാണ് സ്വപ്നത്തിൽ പരിണമിച്ചത്. തൃശ്ശൂർ ബോർഡിങിൽ ചേർന്ന സമയത്താണ് ചാച്ചന്റെ വരവിന് തുടർച്ചയുണ്ടായത്. വീട്ടിൽ നിന്ന് മാറി നിൽക്കുന്നതിന്റെ വിരഹവും കടുത്ത അച്ചടക്കത്തിന്റെ വീർപ്പുമുട്ടലുമൊക്കെയാകാം അദ്ദേഹത്തിന്റെ വരവിന് ആകം കൂട്ടിയത്. അപ്പോഴേയ്ക്കും എനിക്ക് പത്ത് പന്ത്രണ്ട് വയസ്സായിരുന്നു. ഹൈസ്കൂളിലേയ്ക്ക് പ്രവേശിച്ചു. ചാച്ചന്റെ വേർപാടിന്റെ ശൂന്യതയും അതിന്റെ ദുരന്തവുമൊക്കെ എന്റെ മനസ്സിനെ വല്ലാതെ കൊളുത്തി വലിച്ചു തുടങ്ങി. ബോർഡിങിലെ മറ്റു കുട്ടികളെ കാണാൻ അവരുടെ പിതാക്കൻമാർ വരുമ്പോൾ നെഞ്ചിലൊരു ഭാരവും ഹൃദയത്തിലൊരു വിങ്ങലും. അന്ന് രാത്രി മൂപ്പർ ഉറപ്പായിട്ടും വരും. തന്റെ മരണത്തിൽ ഒരു കണ്ണീർ കണിക പോലും അർപ്പിക്കാത്ത മകനോട് പകവീട്ടാനുള്ള വരവ്. പലപ്പോഴും ജീവിതത്തിൽ കാംഷിച്ച് കിട്ടാത്ത കളിക്കോപ്പുകളുമായിട്ടാണ്  ഒരു മന്ദസ്മിതം തൂകി അദ്ദേഹം കടന്നു വരിക. 
ആവശ്യസാധനങ്ങൾക്കപ്പുറത്ത് ഒരു സാധനവും ബാല്യകാലത്ത് ലഭിച്ചിട്ടില്ലാത്തതുകൊണ്ടുതന്നെ മനസ്സിലെ ആഗ്രഹങ്ങൾ സഫലമാകുന്നത് രാത്രിയാമങ്ങളിലെ മൂപ്പരുടെ വരവിലൂടെയാണ്. പക്ഷേ, ഇതിനൊരു ദുരന്ത പ്രതലമുണ്ടായിരുന്നു. സ്വപ്നത്തിനു ശേഷം ഞെട്ടിയെഴുന്നേറ്റാൽ പിന്നീട് ഉറക്കത്തിലേക്ക് തിരിക്കെ വഴുതി പോകാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. പഠനത്തിലുള്ള ശ്രദ്ധ തീർത്തും നഷ്ടപ്പെട്ടു. സ്റ്റഡിഹാളിൽ പുസ്തകം തുറന്നാൽ ഉറക്കം തൂങ്ങുക സാധാരണമായി. വാർഡൻ പുറകിൽ കൂടെ വന്ന് പിൻതലയിൽ കിഴുക്കുമ്പോഴോ ചെവി ഞെരടുമ്പോഴോ  ആണ് ഉണരാറ്. അന്നൊക്കെ പത്താം ക്ളാസ് എന്നു പറയുന്നത് ഏറ്റവും നിർണ്ണായകമായ ഘട്ടമാണ്.  Make or break എന്നൊക്കെ ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന പ്രയോഗം അന്വർത്തമാകുന്ന ഘട്ടം. ബാക്കിയുള്ള കുട്ടികളൊക്കെ ചിട്ടയായ പഠനത്തിൽ വ്യാപൃതരായിരിക്കുന്നു. നുറുശതമാനം വിജയം നേടുന്ന അപൂർവ്വം സ്കൂളുകളിൽ ഒന്നാണത്. ഒരാളുടെ തോൽവിപോലും അവർ സഹിക്കില്ല. തോൽക്കുന്നവന്റെ ജീവിതം പോലെ തന്നെ സ്കൂളിന്റെ അതിജീവനം കൂടി പിരികോർത്തിരിക്കുന്ന അവസ്ഥ. അനിശ്ചിതത്വത്തിന്റെ വരമ്പിലാണ് ഞാൻ ഇരിക്കുന്നത്. അതൊന്നും ആരോടും മനസ്സുതുറക്കാൻ കഴിയുന്ന അവസ്ഥയല്ല. അതിനുള്ള സൗഹൃദ വലയമോ ഉറ്റവരുടെ സാന്നിദ്ധ്യമോ ഇല്ല. ഉറക്കത്തിലേക്ക് വഴുതുന്ന മുഹൂർത്തം നോക്കി മൂപ്പർ വന്നു തുടങ്ങും. പിറ്റേന്നത്തെ പഠനം താളം തെറ്റാൻ ഇതുമാത്രം മതി. ഈ പോക്ക് പോകുകയാണെങ്കിൽ പത്താം ക്ലാസ്സ് തോൽക്കുമെന്ന് എനിക്കുറപ്പായി. രണ്ടും കൽപ്പിച്ചാണ് അന്ന് കിടക്കയിലേക്ക് ചരിഞ്ഞത്.  ഇരുമ്പു കട്ടിലിൽ ചമക്കാണം വിരിച്ച് അതിന് മുകളിൽ കള്ളികൾ ഉള്ള ബെഡിൽ അമർന്നു കിടന്നപ്പോൾ കട്ടിലൊന്നു ഞെരങ്ങി. സാധാരണ ഡോർമെറ്ററിയുടെ അച്ചടക്കം പാലിക്കാൻ ഞങ്ങളൊക്കെ പതുങ്ങിയാണ് കിടക്കയിലേക്ക് ശരീരത്തെ എടുത്ത് വയ്ക്കുന്നത്.
പ്രതീക്ഷിച്ച പോലെ തന്നെ ചെറിയൊരു മയക്കം കഴിഞ്ഞപ്പോൾ കട്ടികണ്ണടയുമായി അദ്ദേഹം കടന്നുവന്നു. എല്ലാം അവസാനിക്കുമ്പോൾ ആർത്തനാദം ഉയരുന്നത് നമ്മൾ കേട്ടിട്ടുണ്ടാകുമല്ലോ. മുടി പിടിച്ചു വലിച്ചു കൊണ്ട് ഞാൻ അലറി. ഒന്നു വിട്ടു പോകൂ. അതല്ലെങ്കിൽ തോൽവിയുടെ കാണാകയത്തിലേക്ക് ഞാൻ ആഴ്ന്നു പോകും. അങ്ങനെ സംഭവിച്ചാൽ ചാച്ചൻ പോയ വഴിയെ തന്നെ ഞാൻ വരും. മൊട്ടുസൂചി വീണാൽ കേൾക്കുന്ന നിശബ്ദതയാണ് ഞങ്ങളുടെ ഡോർമെറ്ററിയിൽ നിശബ്ദതയുടെ അക്വാസ്റ്റിക് ആവരണം പിടിച്ച അവസ്ഥ. എന്റെ അലർച്ച കേട്ടിട്ടായിരിക്കണം തൊട്ടപ്പുറത്തും ഇപ്പുറത്തും കിടന്നിരുന്നവർ ഞെട്ടിയെഴുന്നേറ്റു. ഞാൻ വിയർത്തു കുളിച്ചു. എന്തോ പേടി സ്വപ്നം കണ്ട് ഞെട്ടി എഴുന്നേറ്റതായും എല്ലാവരും വീണ്ടും ഉറങ്ങിക്കോളു എന്നും പറഞ്ഞ് വാർഡനും പിൻമാറി. അതെന്റെ ജീവിതത്തിലെ വഴിത്തിരിവായി. മകന്റെ ദയനീയാവസ്ഥയിൽ തന്റെ പ്രതികാരയഞ്ജം ചാച്ചൻ അവസാനിപ്പിച്ചു. പിന്നീടൊരു സ്വപ്നത്തിലും ചാച്ചൻ കടന്നു വന്നിട്ടല്ല. എങ്ങനെയോക്കെയോ പഠിച്ചെടുത്ത് എസ് എസ് എൽ സി എന്ന കടമ്പ മോശമല്ലാതെ ചാടികടന്നു. കട്ടികണ്ണടയും വിയർപ്പിന്റെയും സിഗരറ്റിന്റെയും സമ്മിശ്ര മണവും നിറഞ്ഞ പുഞ്ചിരിയും ആ പത്താം ക്ളാസ്സോടെ അവസാനിക്കുകയും ചെയ്തു.