“കോടതികളിൽ നിന്ന് നല്ല വാർത്തകൾക്കായി നമ്മൾ കുറേക്കാലമായി കാതോർത്തിരിക്കുകയാണ് .ജനാധിപത്യം അപകടത്തിലെന്ന് പലരെക്കൊണ്ടും പറയിപ്പിക്കുന്നതിനുള്ള ഒരു കാരണം ഈ കാത്തിരിപ്പാണ്”കഴിഞ്ഞദിവസം വാക്സിൻ നയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങളെ പറ്റി ജോൺ ബ്രിട്ടാസ് എം പി.എല്ലാ തൂണുകളും സചേതനമായി പ്രവർത്തിക്കുമ്പോഴാണ് ജനാധിപത്യത്തിന് സൗരഭ്യമുണ്ടാകുക എന്നും ജോൺ ബ്രിട്ടാസ് എം പി.
കോടതികളിൽ നിന്ന് നല്ല വാർത്തകൾക്കായി നമ്മൾ കുറേക്കാലമായി കാതോർത്തിരിക്കുകയാണ് .ജനാധിപത്യം അപകടത്തിലെന്ന് പലരെക്കൊണ്ടും പറയിപ്പിക്കുന്നതിനുള്ള ഒരു കാരണം ഈ കാത്തിരിപ്പാണ്.കഴിഞ്ഞദിവസം വാക്സിൻ നയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നടന്ന വാദപ്രതിവാദങ്ങൾ ആണ് ഈ കുറിപ്പിന് നിദാനം .സുപ്രീം കോടതി നടത്തിയ പ്രസക്തമായ പല നിരീക്ഷണങ്ങളും ഉണ്ട്.ലോകാരോഗ്യസംഘടനയുടെ ചുവടുപിടിച്ച് 1978ൽ ഇന്ത്യ അംഗീകരിച്ച സാർവത്രികവും സൗജന്യവുമായ പ്രതിരോധകുത്തിവെയ്പ് നയം എന്തുകൊണ്ട് ഇന്ന് നമ്മുടെ ഭരണാധികാരികൾക്ക് പഥ്യം ആകുന്നില്ല എന്ന ചോദ്യത്തിൽ എല്ലാം അടങ്ങിയിരിക്കുന്നു.തെറ്റുകൾ അംഗീകരിക്കുന്നത് ദൗർബല്യങ്മല്ല ശക്തിയാണ് എന്ന് സർക്കാരിനെ ഓർമ്മപ്പെടുത്താനും സുപ്രീംകോടതി തയ്യാറായി.ചോദ്യങ്ങൾ ശരവർഷങ്ങളായാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്തക്ക് അനുഭവപെട്ടതെന്ന് കോടതി നടപടികൾ വീക്ഷിച്ചാൽ മനസിലാകും.

ജസ്റ്റിസ് ചന്ദ്രചൂഢ് ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ ഇവയാണ്
“ഉണരാനാണ് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നത്. ഉണര്‍ന്ന് രാജ്യത്ത് എന്താണ് നടക്കുന്നത് എന്നു കാണൂ.
ഭരണഘടനയിൽ ആര്‍ടിക്കിള്‍ ഒന്ന് പറയുന്നത് ഇന്ത്യ സംസ്ഥാനങ്ങളുടെ യൂണിയനാണ് എന്നാണ്. ഭരണഘടന അതു പറയുമ്പോഴാണ് നമ്മള്‍ ഫെഡറല്‍ ഭരണസംവിധാനത്തെ പിന്തുടരുന്നത്. ഇന്ത്യാ ഗവണ്‍മെന്റ് വാക്‌സിനുകള്‍ ശേഖരിച്ച്‌ വിതരണം ചെയ്യണം. സംസ്ഥാനങ്ങളെ ആപത്ഘട്ടത്തില്‍ സഹായിക്കാതെ ഉപേക്ഷിക്കരുത്.വാക്‌സിനുകള്‍ക്ക് സംസ്ഥാനങ്ങള്‍ എന്തിന് ഉയര്‍ന്ന വില നല്‍കണം.
നിങ്ങള്‍ ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ച്‌ സംസാരിക്കുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച്‌ ബോധവാന്മാരല്ല.
നിങ്ങള്‍ക്ക് കോവിഡ് രജിസ്‌ട്രേഷന്‍ ആകാം. എന്നാല്‍ ഡിജിറ്റല്‍ ഡിവൈഡിനെ കുറിച്ച്‌ നിങ്ങള്‍ എങ്ങനെ ഉത്തരം പറയും?ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരിടത്തേക്ക് പോകുന്ന കുടിയേറ്റ തൊഴിലാളികളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ എന്ത് ഉത്തരം നല്‍കും?വിദൂര ഗ്രാമങ്ങളിലുള്ള ആളുകള്‍ക്ക് കോവിഡ് വാക്‌സിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുക സാധ്യമാണോ?
മൃതദേഹങ്ങള്‍ പുഴയില്‍ തള്ളുന്ന ദൃശ്യങ്ങള്‍ ഒരു മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു.അത് കാണിച്ചതിന് വാര്‍ത്താ ചാനലുകള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തിട്ടുണ്ടോ ?”
എല്ലാ തൂണുകളും സചേതനമായി പ്രവർത്തിക്കുമ്പോഴാണ് ജനാധിപത്യത്തിന് സൗരഭ്യമുണ്ടാകുക.